സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് 9 ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, എന്നീ ജില്ലകളിൽ നേരിയ മഴ ലഭിക്കും.
നാളെ പത്തനംതിട്ട, കോട്ടയം, എറണാംകുളം, വയനാട് എന്നീ ജില്ലകളിലും എട്ടാം തിയ്യതി തൃശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.
9ന് കേരളത്തിൽ എല്ലായിടത്തും 10ന് എറണാംകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലും മഴ ലഭിക്കും.
അതേസമയം, സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി മുതൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്