ശബരിമല സന്നിധാനത്തെ ജീവനുള്ള ചില ചുവർചിത്രങ്ങൾ ഉണ്ട്. ആ ചിത്രങ്ങൾ പത്തനാപുരം സ്വദേശി മനുവിന്റെ അതിജീവന കഥയും കൂടിയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ക്ഷണപ്രകാരം ശബരിമലയിൽ എത്തിയ മനു ഇന്ന് സന്നിധാനത്തെ താരമാണ്.ശബരിമല സന്നിധാനത്തെ അന്നദാനമണ്ഡപത്തിന്റെ ചുവരുകളിലാണ് മനുവിന്റെ ഇടം കൈ കമനീയമായ അയ്യപ്പചരിതം രചിക്കുന്നത്. മണികണ്ഠനെ കാട്ടിൽ നിന്ന് കണ്ടെടുത്തതു മുതലുള്ള വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ആക്രിലിക് പെയിന്റുപയോഗിച്ച് വരയ്ക്കുന്നത്.ഒരാഴ്ച മുൻപ് സന്നിധാനത്തെത്തിയ ഇദ്ദേഹം നാലു ചിത്രങ്ങൾ പൂർത്തിയാക്കി. ദിവസം ഒന്നെന്ന നിലയിൽ 25 ചിത്രങ്ങൾ വരയ്ക്കും. ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കുന്ന മനു കൊട്ടാരക്കരയിലെ രവി വർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ചിത്രരചന പഠിച്ചിട്ടുണ്ട്. പിന്നീട് വാഹനങ്ങൾക്ക് നമ്പർ എഴുതിക്കൊടുത്താണ് ജീവിച്ചു വന്നത്.ജീവിത പ്രതിസന്ധിയിൽ പിടവൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ചുവരുകളിൽ ചിത്രം വരയ്ക്കാൻ അവസരം ലഭിച്ചു. ഇതാണ് വഴിത്തിരിവായത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ചിത്രം വരയ്ക്കുന്നത് കണ്ട ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് ഇദ്ദേഹത്തിന് പ്രോത്സാഹനം നൽകുകയും കൂടുതൽ ക്ഷേത്രങ്ങളിൽ ചുമർചിത്രങ്ങൾ വരയ്ക്കാൻ അവസരം നൽകുകയുമായിരുന്നു.സോഷ്യൽ മീഡിയകളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടി. പന്തളം കൊട്ടാരത്തിലുൾപ്പെടെ ചിത്രം വരച്ച മനു ബ്രഷും നിറക്കൂട്ടുകളുമായി മല കയറിയതോടെ അയ്യപ്പ ഭക്തരുടെ മനസ്സിലും ഇടം പിടിച്ചു.ആദ്യമായി ശബരിമലയിലെത്തിയത് ഭഗവാൻ ഏൽപ്പിച്ച നിയോഗം പൂർത്തിയാക്കാനാണെന്നതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് മനു പറഞ്ഞു.പന്തളം കൊട്ടാരത്തിൽ അയ്യപ്പനെത്തിയതുൾപ്പെടെയുള്ള ഭാഗങ്ങൾ വരച്ചു കഴിഞ്ഞു. അയ്യപ്പൻ പുലിപ്പുറത്ത് എത്തുന്ന ചിത്രമാണ് തിങ്കളാഴ്ച വരയ്ക്കുക.മണ്ഡലകാലത്തിനു മുൻപ് ചിത്രങ്ങൾ പൂർത്തിയാക്കുമെന്ന് മനു പറഞ്ഞു. പത്തനാപുരം സ്വദേശിയാണ് മനു.