മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം വാഗ്ദനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കോട്ടയം സ്വദേശി ഡേവിഡിനെ (57) വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ എംഡി പ്രവേശനം വാങ്ങിനല്‍കാമെന്നു പറഞ്ഞ് വഞ്ചിയൂര്‍ സ്വദേശിയില്‍ നിന്ന് 30 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. പൊലീസ് സംഘം കോട്ടയത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. സിഎംഎസ് സഭയുടെ നെടുങ്കുന്നം ബിഷപ്പെന്ന പേരിലാണ് പ്രതി വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും പരിചയപ്പെട്ടത്. ബിഷപ്പിന്റെ വേഷത്തിലുള്ള ചിത്രങ്ങളും മറ്റ് രേഖകളും ഇവരെ കാണിക്കുകയും ചെയ്യും. ബെംഗളൂരുവില്‍ ബിഷപ്പ് ഹൗസ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു സ്ഥാപനവും തുടങ്ങിയിട്ടുണ്ട്. കൂട്ടുപ്രതികളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. എട്ട് വര്‍ഷമായി ഇവര്‍ സമാന തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇവര്‍ക്കെതിരെ കേസുണ്ട്. നേരത്തെ നിരവധി വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.