കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്വച്ഛതാ ഹി സേവ കാമ്പയിന് സെപ്റ്റംബർ 17ന് സംസ്ഥാനത്തു തുടക്കമാകും. മാലിന്യമുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷൻ, കുടുംബശ്രീ, മേരെ യുവ ഭാരത്, നെഹ്രു യുവകേന്ദ്ര നാഷണൽ സർവീസ് സ്‌കീം, സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സാമൂഹ്യസന്നദ്ധ സേന, എന്നിവ സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ബോധവത്കരണ പരിപാടികൾ ഏകോപിപ്പിക്കുക, ശ്രമദാന പ്രവർത്തനങ്ങളിലൂടെ സമ്പൂർണ ശുചിത്വ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് അവസാനിക്കും. കേരളത്തിലുടനീളമുള്ള ഗ്രാമ പഞ്ചായത്തുകൾ, നഗര പ്രദേശങ്ങൾ, വിവിധ സ്ഥലങ്ങളിലും ക്യാമ്പയിനോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും.