ഗ്രൂപ്പ് എയില്‍ സൂപ്പര്‍ ഓവറിലായിരുന്നു പാകിസ്ഥാന്റെ തോല്‍വി.
ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താനായി.
പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. 19 റണ്‍സ് വിജലക്ഷ്യമാണ് യുഎസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.
തോല്‍വിയോടെ പാകിസ്ഥാന് ഗ്രൂപ്പില്‍ പ്രതിരോധത്തിലായി. ഇനി സൂപ്പര്‍ എട്ടിലെത്തുക പ്രയാസമെന്ന് തന്നെ പറയാം.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് അവസാന എട്ടിലേക്ക് മുന്നേറുക. ശക്തരായ ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ മത്സരം.
അതിലും തോറ്റാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവും. പിന്നീട് കാനഡ, അയര്‍ലന്‍ഡ് ടീമുകളെ പാകസിസ്ഥാന് നേരിടണം.
രണ്ട് മത്സരങ്ങളും ജയിച്ച യുഎസാണ് ഗ്രൂപ്പില്‍ ഒന്നാമത്.
ആദ്യ മത്സരത്തില്‍ അവര്‍ക്ക് കാനഡയെ തോല്‍പ്പിക്കാനായിരുന്നു. ഇപ്പോഴത്തെ ഫോമില്‍ അവര്‍ക്ക് അനായാസം അയര്‍ലന്‍ഡിനെ മറികടക്കാമെന്ന് തന്നെ കരുതാം.
അതോടെ ഇന്ത്യയോട് തോറ്റാല്‍ പോലും കാര്യങ്ങള്‍ യുഎസിന് അനുകൂലമാവും.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അടുത്ത മൂന്ന് മത്സരങ്ങളും ജയിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല, യുഎസ് അയര്‍ലന്‍ഡിനോട് തോല്‍ക്കാനും പാകിസ്ഥാന്‍ കാത്തിരിക്കണം