തമിഴ്‌നാട്ടില്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണ പദ്ധതി എയ്ഡഡ് സ്വകാര്യ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ച് സർക്കാർ
തിങ്കളാഴ്ച തിരുവള്ളൂർ ജില്ലയിലെ സെന്റ് ആൻസ് സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം വിളമ്ബി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.സംസ്ഥാത്ത് ഉടനീളമുള്ള 3,995 സർക്കാർ-എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ 2,23,536 കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് സർക്കാർ അറിയിച്ചു.
2022 സെപ്തംബർ 15 ന് സർക്കാർ സ്‌കൂളുകളിലേക്കുള്ള പ്രഭാതഭക്ഷണ പദ്ധതി തുടങ്ങിയപ്പോള്‍ 1,545 സർക്കാർ പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ 1.14 ലക്ഷം വിദ്യാർത്ഥികളാണ് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടത്. 2023 ഓഗസ്റ്റ് 25-ന് സംസ്ഥാനത്തുടനീളം പദ്ധതി വിപുലീകരിച്ചതോടെ, 30,992 സർക്കാർ പ്രൈമറി സ്‌കൂളുകളിലായി ഏകദേശം 18.50 ലക്ഷം വിദ്യാർത്ഥികളെ ഈ സംരംഭത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു.
എയ്ഡഡ് സ്‌കൂളുകളെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ മൊത്തം 21.87 ലക്ഷം വിദ്യാർത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ, സർക്കാർ, സംസ്ഥാന-എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലും പദ്ധതി പ്രവർത്തനക്ഷമമാകും.