ഇന്ത്യയും യു എസും തമ്മിലുള്ള താരിഫ് യുദ്ധം കൂടുതൽ കടുക്കുന്നു; യു എസുമായുള്ള പ്രതിരോധ ഇടപാടുകൾ താൽക്കാലികമായി ഇന്ത്യ നിർത്തിവയ്ക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.യു എസിൽനിന്ന് യുദ്ധ വിമാനങ്ങൾ, മിസൈലുകൾ, ബോയിങ് വിമാനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ചർച്ചകളാണ് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത്. താരിഫ് വിഷയത്തിൽ യു എസ് നിലപാട് മയപ്പെടുത്താതെ ഇനി ചർച്ചകൾ വേണ്ടന്നാണ് ഇന്ത്യയുടെ തീരുമാനമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തന്റെ വാഷിങ്ടൻ സന്ദർശനം റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിക്കുന്നുവെന്ന് ആരോപിച്ചാണ് ഓഗസ്റ്റ് 6ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25% തീരുവ ചുമത്തിയത്. പിന്നീടത് 50% ആയി ഉയർത്തി. യു എസുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന തീരുവ ചുമത്തിയിരിക്കുന്നത് ഇന്ത്യയ്ക്കാണ്.താരിഫിലും ഉഭയകക്ഷി ബന്ധത്തിലും വ്യക്തത ലഭിച്ചു കഴിഞ്ഞാൽ പ്രതിരോധ കരാറുകളുമായി മുന്നോട്ടു പോകാമെന്നാണ് ഇന്ത്യയുടെ തീരുമാനം.
അതേ സമയം യു എസുമായുള്ള പ്രതിരോധ ചർച്ചകൾ നിർത്തി വെച്ചെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വാർത്തകൾ കെട്ടിച്ചമച്ചതാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യു എസിൽ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള പദ്ധതി ഇന്ത്യ നിർത്തിവച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

