തെരഞ്ഞെടുപ്പ് ചൂടിലും തൃശൂര്‍ പൂരത്തില്‍ അലിഞ്ഞുചേര്‍ന്ന് പതിനായിരങ്ങള്‍.
താള-വാദ്യ-വര്‍ണ മേളങ്ങള്‍ സൃഷ്ടിച്ച വിസ്മയക്കാഴ്ചകള്‍ക്ക് നേത്രസാക്ഷിയാവാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകൾ ആണ് ഒഴുകിയെത്തിയത്.
ഇന്ന് രാവിലെ ഏഴോടെ ഏഴ് ആനകളുടെ അകമ്ബടിയോടെ കണിമംഗലം ശാസ്താവാണ് ആദ്യം ശ്രീമൂല സ്ഥാനത്ത് പ്രവേശിച്ചത്. പിന്നാലെ ചെമ്ബൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ഘടക പൂരങ്ങളുമെത്തി. ഓരോ ഘടക പൂരങ്ങള്‍ക്കും ശ്രീമൂല സ്ഥാനത്ത് മേളം കൊട്ടിക്കയറി. 11 ഓടെ ബ്രഹ്മസ്വം മഠത്തിന് മുന്നില്‍ തിരുവമ്ബാടി ദേവസ്വത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യം നടന്നു. കോങ്ങോട് മധുവും സംഘവുമായിരുന്നു പഞ്ചവാദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെ എഴുന്നള്ളിപ്പ് ചടങ്ങിനൊപ്പം കിഴക്കൂട്ട് അനിയന്‍ മാരാരുടെ പെരുമ്ബട മേളം. ഉച്ചക്ക് ശേഷം രണ്ടേ മുക്കാലോടെ വടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയിലെ ഇലഞ്ഞിമരച്ചുവട്ടില്‍ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി.
തുടര്‍ന്ന് ശ്രീമൂലസ്ഥാനത്ത് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം നടന്നു. മേളങ്ങള്‍ കലാശിച്ച ശേഷം വൈകീട്ട് തെക്കേ ഗോപുര നടയില്‍ കുടമാറ്റ ചടങ്ങ് നടന്നു. പൂരംദിനത്തിലെ സായംസന്ധ്യയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് കുടമാറ്റ ചടങ്ങ് നടന്നത്. തിരുവമ്ബാടിയുടെയും പാറമേക്കാവിന്റെയും 15 വീതം ഗജവീരന്മാര്‍ അഭിമുഖമായി നിരന്നപ്പോള്‍ മുന്നില്‍ കണ്ണെത്താദൂരത്ത് തിങ്ങിനിറഞ്ഞ മനുഷ്യസാഗരം ആര്‍ത്തിരമ്ബി. വര്‍ണക്കുടകള്‍ സൃഷ്ടിച്ച ദൃശ്യവിസ്മയത്തില്‍ ജനം മതിമറന്നാറാടി.
രാത്രി എഴുന്നള്ളിപ്പിന് ശേഷം പുലര്‍ച്ചെ മൂന്നിന് പ്രധാന വെടിക്കെട്ടും നടക്കും. നാളെ രാവിലെ എട്ട് മുതല്‍ നടക്കുന്ന പകല്‍പൂരത്തിന് ശേഷം ഉച്ചക്ക് 12 ഓടെ അടുത്ത പൂരത്തിന്റെ തീയ്യതി തീരുമാനിച്ച് ശ്രീമൂല സ്ഥാനത്ത് ദേവിമാര്‍ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാവും.