ജമ്മുവിലെ കിഷ്ത്വറിൽ രണ്ട് നാട്ടുകാരെ ഭീകരരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയത്. സോപാരയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗറിലെ ഗ്രേനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീകര പ്രവർത്തനങ്ങൾ തടയാൻ സൈന്യവും പൊലീസും സംയുക്തമായി രൂപീകരിച്ച വില്ലേജ് ഡിഫൻസ് ഗാർഡിലെ അംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.നാസിർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഭീകരരർ പുറത്തുവിട്ടിരുന്നു. ഭീകരർ ഉപേക്ഷിച്ച ഇവരുടെ മൃതദേഹങ്ങൾ സുരക്ഷസേന കണ്ടെത്തിയെന്നാണ് വിവരം. കന്നുകാലികളെ മേയ്ക്കാൻ പോയ ഇവരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ജയ്ഷേ ഭീകര സംഘടനയുടെ ഭാഗമായുള്ള കശ്മീർ ടൈഗേഴ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.കൊലപാതകത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കിഷ്ത്വറിൽ ബന്ദ് ആചരിച്ചു. ഇതിനിടെ സോപോര ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചു. ഇവരിൽ നിന്നും വൻ ആയുധശേഖരവും പിടികൂടി. ശ്രീനഗറിൽ നടന്ന ഗ്രേനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടി. ഇവർ ലഷ്ക്കർ ഇ തായിബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. സുരക്ഷസേനയ്ക്ക് നേരെ ഗ്രേനേഡ് ഏറിഞ്ഞതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അറസ്റ്റിലായ മൂന്ന് പേരെയും 15 ദിവസത്തെ കസ്റ്റഡിയിൽ കോടതി വിട്ടു.