പീഡനക്കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. ഫേസ്ബുക്ക് പേജിലൂടെയാണ് നിവിൻ പോളി പ്രതികരിച്ചത്. എന്നിലേൽപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നന്ദിയെന്ന് നിവിൻ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും നിവിൻ വ്യക്തമാക്കി.കേസ് അന്വേഷിച്ച ഡിവൈഎസ്പി ടിഎം വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നിവിൻ പോളിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കി കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ബലാത്സംഗം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന സമയത്ത് നിവിൻ ദുബായിൽ ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. നിവിനെതിരെ തെളിവുകളില്ലെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി.എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ ഊന്നുകൽ പൊലീസ് ആണ് നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തിരുന്നത്. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി. കേസ് പിന്നീട്, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.