അർമേനിയയിൽ ഡെലിവറി ബോയിയായി വിസ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കേസിൽ കായംകുളം രണ്ടാംകുറ്റിയിൽ സഫിയ ട്രാവൽസ് ഉടമ ചുനക്കര നടുവിലേമുറിയിൽ മലയിൽ വീട്ടിൽ ഷാൻ (38) ആണ് കായംകുളം പൊലീസിന്‍റെ പിടിയിലായത്.വയനാട് സ്വദേശിയിൽനിന്ന് 2,56,900 രൂപയും താമരക്കുളം സ്വദേശിയിൽനിന്ന് 1,50,000 രൂപയാണ് പ്രതി തട്ടിയത്. കായംകുളം മുരിക്കുംമൂട്ടിൽ ഇൻഷാ ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പൊലീസ് റെയ്ഡ് നടത്തി കേസ് എടുത്തിരുന്നു.എന്നാൽ സഫിയ ട്രാവൽസ് എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങി പ്രതി തട്ടിപ്പ് തുടരുകയായിരുന്നു. തട്ടിയെടുത്ത പണം കൊണ്ട് ഇയാൾ ആഡംബര ജീവിതം നയിക്കുകയായിരുന്നു. നിരവധി പേരിൽനിന്ന് ഇത്തരത്തിൽ പണം വാങ്ങിയതായും ആഡംബര വീട് നിർമിക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.