വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിഘടന തീരുമാനിച്ചുള്ള ധനകാര്യബിൽ ഇന്ന് നിയമസഭ പാസാക്കും.എന്നാൽ ബില്ല് പാസാക്കിയാലും നികുതി ഉടൻ പ്രാബല്യത്തിൽ വരാനുള്ള സാധ്യത കുറവാണ്.വിൽപ്പനയ്ക്ക് സർക്കാരിന്റെ പ്രത്യേക വിജ്ഞാപനം വേണമെന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്.അതിനാലാണ് നികുതി ഉടൻ പ്രാബല്യത്തിൽ വരാത്തത്.യുഡിഎഫിൽ വിശദമായി ചർച്ച നടത്തി, മദ്യനയം അംഗീകരിച്ചതിനു ശേഷം മാത്രമേ നികുതി നടപ്പിലാക്കുകയുള്ളൂ എന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.എന്നാൽ വ്യവസ്ഥക്കെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.ധനബില്ല് സഭ പാസാക്കുന്നതോടെ മദ്യനയത്തിന് പ്രസക്തിയില്ലാതാകുമെന്നും, ഇത് ബക്കാർഡി ഉൾപ്പെടെയുള്ള പ്രമുഖ മദ്യക്കമ്പനികൾക്ക് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കാൻ നിയമപരമായ വഴിതുറക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.അതേസമയം, എഫ്സിആർഎ ഭേദഗതിയിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഇന്ന് ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കും.പ്രതിപക്ഷ പിന്തുണയോടെ പ്രമേയം പാസാക്കും.ഊർജ്ജ പ്രതിസന്ധിയിൽ ചട്ടം 300 പ്രകാരം വൈദ്യുതി മന്ത്രിയുടെ പ്രത്യേക പ്രസ്താവനയും ഇന്ന് സംസ്ഥാന നിയമസഭയിൽ നടക്കും.

