യാത്രയ്ക്കിടെ സ്വകാര്യ ബസിൽ നിന്നും പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ നിമിഷ നേരം കൊണ്ട് പിടിച്ചു കയറ്റി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന സ്വകാര്യ ബസ് കണ്ടക്ടറും കൊല്ലം മൺറോതുരുത്ത് സ്വദേശിയുമായ ബിജിത്‌ലാലിനെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി. മനോഹർ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച പകൽ 2.10ന് ചവറ- അടൂർ- പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിൻവാതിൽ കൈ തട്ടി തുറന്ന് പുറത്തേക്ക് വീഴുന്നതിനിടെയാണ് പടിഞ്ഞാറെ കല്ലട സ്വദേശിയായ ജയകൃഷ്ണൻ എന്ന യുവാവിനെ അത്ഭുതകരമായി ഒറ്റ കൈ കൊണ്ട് പിടിച്ചു രക്ഷിച്ചത്.
ബോർഡ് തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. സജീവ് കുമാർ സീനിയർ സൂപ്രണ്ട് ആർ. ശ്രീകുമാർ, ബിജിത്ത് ലാൽ എന്നിവർ പങ്കെടുത്തു.