കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്‌തതിൽ ജോലി സംബന്ധമായ ആശങ്കയ്ക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സമ്മർദമുണ്ടായെന്ന് കണ്ണൂർ ജില്ലാ കലക്‌ടറുടെ റിപ്പോർട്ട്. വീടുകളിലേക്ക് എന്യൂമറേഷൻ ഫോമുമായി പോകുന്നതിനു മൂന്ന് പ്രധാന മുന്നണികളുടെയും നേതാക്കൾ അനീഷിനെ സമ്മർദത്തിലാക്കിയിരുന്നു. രാഷ്ട്രീയ സമ്മർദത്തിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് ജോലികൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ചിന്തയും ജീവനൊടുക്കാൻ കാരണമായെന്നാണ് ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനീഷിന് യാതൊരു സമ്മർദവുമുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. നാളെ വൈകുന്നേരത്തിനു മുൻപായി അന്തിമ റിപ്പോർട്ട് നൽകാൻ ഡോ രത്തൻ യു. കേൽക്കർ കലക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്

