ശബരിമല റോപ് വേ നിർമാണം ജനുവരിയിൽ തുടങ്ങും

ശബരിമല റോപ് വേയുടെ നിർമാണം ജനുവരിയിൽ തുടങ്ങിയേക്കും. ഇതിനായി വനം വകുപ്പിന്റെ രണ്ട് അനുമതികൾകൂടി മാത്രമാണ് ദേവസ്വം ബോർഡിന് ലഭിക്കാനുള്ളത്​.

ദേവസ്വം ഭൂമിയുടെ അതിർത്തി സംബന്ധിച്ച് വനം വകുപ്പുമായി ഉണ്ടായ തർക്കം ഹൈകോടതി ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. 4.5336 ഹെക്ടർ വനഭൂമിയാണ് പമ്പ-സന്നിധാനം റോപ് വേക്ക്​ ആവശ്യമായി വരുന്നത്. ഇതിന് പകരമായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ കട്ടിളപ്പാറയിൽ റവന്യൂ ഭൂമി വിട്ടുനൽകാൻ സംസ്ഥാന സർക്കാർ വനം വകുപ്പിന് സമ്മതപത്രം നൽകിയിട്ടുണ്ട്.

പെരിയാർ കടുവ സങ്കേത ഡെപ്യൂട്ടി ഡയറക്ടറുടെയും റാന്നി ഡി.എഫ്.ഒയുടെയും അനുമതി മാത്രമാണ് ആവശ്യമായുള്ളത്. ഇതിനുള്ള അപേക്ഷ ദേവസ്വം ബോർഡ് വനം വകുപ്പിന് നൽകിയിട്ടുണ്ട്. ഇതുകൂടി അനുകൂലമായാൽ ജനുവരിയിൽ നിർമാണം ആരംഭിക്കാനാണ് ബോർഡിന്റെ തീരുമാനം. പമ്പ ഹിൽ ടോപ്പിൽനിന്ന്​ സന്നിധാനത്തേക്ക് 2.7 കി.മീ. ദൂരമാണ് റോപ് വേക്കുള്ളത്.

40 മുതൽ 50 മീ. വരെ ഉയരമുള്ള അഞ്ച് തൂണുകൾ ഉണ്ടാകും. ഇതിനായി 80 മരങ്ങൾ മുറിക്കേണ്ടിവരും. റോപ് വേ തുടങ്ങുന്നത് പമ്പ ഹിൽ ടോപ്പിലെ പാർക്കിങ്​ ഗ്രൗണ്ടിൽനിന്നാണ്. ഇവിടം റാന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിലാണ്. മുറിക്കേണ്ടിവരുന്ന മരങ്ങൾ പെരിയാർ കടുവ സങ്കേതകേന്ദ്രത്തിന്റെ പരിധിയിലും. പെരിയാർ കടുവ സങ്കേതകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറുടെ ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 30-40 മീ. മാത്രമുണ്ടായിരുന്ന തൂണുകളുടെ ഉയരം വർധിപ്പിച്ചത്.

ആദ്യം 300 മരങ്ങൾ മുറിക്കേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ ഇത് 80 ആക്കി ചുരുക്കി. വന്യജീവി ബോർഡാണ് റോപ് വേക്ക്​ അന്തിമാനുമതി നൽകേണ്ടത്. ദേവസ്വം ബോർഡിന്റെ പുതിയ രൂപരേഖ അംഗീകരിച്ച് വനം വകുപ്പ് കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ തുടർനടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. റോപ് വേ സന്നിധാനത്തേക്കുള്ള ചരക്കുനീക്കം വേഗത്തിലാക്കുന്നതിനൊപ്പം അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് സർവിസായും ഉപയോഗിക്കാനും സാധിക്കും.

Leave a Reply

spot_img

Related articles

മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളില്‍ എൻ ഐ എ റെയ്ഡ്

മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളില്‍ എൻ ഐ എ റെയ്ഡ്. അഞ്ച് വീടുകളിലാണ് റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ്...

മാസപ്പടി കേസ്; വീണാ വിജയനെ എസ്‌എഫ്‌ഐഒ പ്രതി ചേര്‍ത്തതിന് പിന്നാലെ ചോദ്യങ്ങളുമായി വി കെ സനോജ്

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്‌എഫ്‌ഐഒ പ്രതി ചേര്‍ത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേന്ദ്ര സര്‍ക്കാരിന്റെ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍...

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...