പതിനൊന്ന് വയസുകാരിയായ ബലാത്സംഗ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ബോംബെ ഹൈക്കോടതി.
കുട്ടി 30 ആഴ്ച ഗര്‍ഭിണിയാണ്. നടപടിക്രമങ്ങള്‍ക്ക് കുട്ടി മാനസികമായും ശാരീരികമായും സജ്ജമാണെന്ന് മെഡിക്കല്‍ പരിശോധനകളില്‍ വ്യക്തമായതായും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ഷര്‍മിള ദേശ്മുഖ്, ജിതേന്ദ്ര ജെയ്ന്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചിന്റേതാണ് വിധി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ആദ്യം കുട്ടിയുടെ വയറിന്റെ വളര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും വയറിലുള്ള അണുബാധയാകാം കാരണമെന്നാണ് കരുതിയതെന്ന് പിതാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. താനെയിലെ സ്വകാര്യ ആശുപത്രി കുട്ടിക്ക് മരുന്നും നല്‍കിയിരുന്നു.
എന്നാല്‍ മാറ്റമൊന്നും ഇല്ലാതിരുന്നതോടെ മുംബൈയിലെ ആശുപത്രിയിലെത്തി പരിശോധിക്കുകയായിരുന്നു.
ഇതോടെയാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പിതാവ് അജ്ഞാതനായ പ്രതിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭ്രൂണത്തില്‍ നിന്നും രക്ത സാമ്പിള്‍ ശേഖരിക്കാനാണ് നിര്‍ദ്ദേശം. ഇത് ഭാവിയിലെ കേസന്വേഷണത്തിന് സുപ്രധാനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.