പാലക്കാട്ടെ ഹോട്ടലിലെ വിവാദമായ പാതിരാ റെയ്ഡിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി.
ഇലക്ഷൻ ഉദ്യോഗസ്ഥരോ കളക്ടറോ അറിയാതെ അർദ്ധരാത്രിയില്‍ നടത്തിയ പരിശോധനയുടെ സാഹചര്യമെന്താണ്, എവിടെ നിന്നാണ് കള്ളപ്പണത്തെക്കുറിച്ചുള്ള വിവരം കിട്ടിയത് എന്നതടക്കം വിശദീകരിക്കാൻ ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്.മറ്റാർക്കോ വേണ്ടിയാണ് പോലീസ് പാതിരാ റെയ്ഡ് നടത്തിയതെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.
കോണ്‍ഗ്രസിന്റെ പരാതി ലഭിച്ചതോടെ സംഭവം വ്യാജമെന്ന് തെളിഞ്ഞാൽ പാലക്കാട് എസ്.പി ആർ.ആനന്ദിനെയും റെയ്ഡിന് നേതൃത്വം നല്‍കിയ അസി. സൂപ്രണ്ട് അശ്വതി ജിജിയെയുമടക്കം മാറ്റുന്നതും കമ്മീഷന്റെ പരിഗണനയിലുണ്ടെന്ന് അറിയുന്നു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന ഡി.ജി.പി രശ്മി ശുക്ലയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതിന് സമാനമായ നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ എടുക്കുമെന്ന് സർക്കാരും പോലീസും പ്രതീക്ഷിക്കുന്നുണ്ട്.
കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയെ കുറിച്ച് പൊലീസ് നല്‍കിയ വിശദീകരണങ്ങളില്‍ അടിമുടി വൈരുധ്യമാണുള്ളത്. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയില്‍ പൊലീസിന്റെ ആദ്യ വിശദീകരണം.
എന്നാല്‍ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു. പിന്നീട് എതിർ പാർട്ടികളിലുള്ളവർ വിവരം നല്‍കിയെന്നും പറഞ്ഞു.
റെയ്ഡ് നടന്ന ഹോട്ടലില്‍ അതേസമയത്ത് ബിജെപി, സി.പി.എം പ്രവർത്തകരെത്തിയതും ദുരൂഹമാണ്. 12 മുറികള്‍ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നല്‍കിയാണ് പാലക്കാട്ടെ ഹോട്ടലില്‍ നിന്നും പൊലീസ് മടങ്ങിയത്.
ഹോട്ടല്‍ മുറികളിലെ പൊലീസ് പരിശോധനയെ കുറിച്ച് പാലക്കാട് എഎസ്പി അശ്വതി ജിജിയാണ് ആദ്യം വിശദീകരണം നല്‍കിയത്. ആരുടെയും പരാതി കിട്ടിയിട്ടല്ല പൊലീസ് പരിശോധന നടത്തിയതെന്നും സാധാരണ പരിശോധന മാത്രമായിരുന്നുവെന്നുമാണ് എഎസ്പി അശ്വതി ജിജി മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍ വനിതാ പൊലീസില്ലാതെ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയതിനെതിരെ അടക്കം വലിയ പ്രതിഷേധമുണ്ടായതോടെ മുൻ നിലപാടില്‍ നിന്ന് പൊലീസ് മലക്കം മറിഞ്ഞു.
ഹോട്ടലില്‍ റെയ്ഡ് നടത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും റെയ്ഡ് തുടങ്ങിയ ശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതെന്നുമാണ് പാലക്കാട് എസ് പി ആർ ആനന്ദ് പറഞ്ഞത്. വനിതാ പൊലീസെത്തിയ ശേഷമാണ് വനിതകള്‍ മാത്രമുള്ള റൂം പരിശോധിച്ചതെന്നും എസ് പി ആർ ആനന്ദ് വിശദീകരിച്ചു.
വരണാധികാരിയായ കളക്ടർ പോലും അറിയാതെയായിരുന്നു പാതിരാ റെയ്ഡെന്നതാണ് ഗൗരവതരം. റെയ്ഡ് തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞാണ് ജില്ലാ കളക്ടർ വിവരമറിഞ്ഞത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കളക്ടറെ ഒരു മണിക്കാണ് പൊലീസ് വിവരം അറിയിച്ചത്. അപ്പോഴേക്കും റെയ്ഡ് അവസാന ഘട്ടത്തില്‍ എത്തിയിരുന്നു.