ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടി.ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് മുൻപിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയിരുന്ന വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.ഇന്ന് രാവിലെ 9:30 യോടെയയിരുന്നു സംഭവം.KL 51- P 4500 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കിയ കാറിൽ ആയിരുന്നു പണം കൊണ്ടുവന്നിരുന്നത്.രാവിലെ മുതൽ തന്നെ സ്ക്വാഡ് ഇവിടെ വാഹന പരിശോധന നടത്തിവരികയായിരുന്നു.ഇതിനിടെയാണ് ഈ വാഹനവും പരിശോധനയ്ക്കായി തടഞ്ഞത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും 25 ലക്ഷം രൂപ കണ്ടെടുത്തത്.ഷോർണൂർ കുളപ്പുള്ളി സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പരിശോധനയ്ക്കിടെ പണത്തിന്റെ രേഖകൾ ഒന്നും വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് കാണിക്കാനായില്ല.ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശമാണ് ചെറുതുരുത്തി. അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടുവന്നിരുന്ന കള്ളപ്പണം ആണോ ഇത് എന്നതാണ് പ്രധാനമായും സ്‌ക്വാഡ് പരിശോധിക്കുന്നത്.നിലവിൽ വാഹനവും പണവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അതേസമയം എറണാകുളത്തേക്ക് പർച്ചേസ് ആവശ്യങ്ങൾക്കായി കൊണ്ടുപോയിരുന്ന പണമാണ് ഇതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരുടെ വിശദീകരണം.എന്നാൽ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.കാറിൽ ഉണ്ടായിരുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലവും , ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധിച്ച് വരികയാണ്.