മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ ബന്ധുവിനെ വിദേശത്തു നിന്നെത്തി കൊലപ്പെടുത്തി പിതാവ്.ഹൈദരബാദ് സ്വദേശി ആഞ്ജനേയ പ്രസാദാണ് കുവൈറ്റില്‍ നിന്നെത്തി മകളെ പീഡിപ്പിച്ച ഭിന്നശേഷിക്കാരനായ ബന്ധു അഞ്ജനേയലുവിനെ കൊലപ്പെടുത്തിയത്.ഇരുമ്പ് കമ്പി കൊണ്ട് അടിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന് രാജാംപേത്ത് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസർ എൻ.സുധാകർ പറഞ്ഞു.
ഡിസംബർ ആദ്യവാരമാണ് അഞ്ജനേയ പ്രസാദ് ഇന്ത്യയിലെത്തിയത്. തുടർന്ന് ഡിസംബർ ആറാം തീയതി രാത്രി കൊലപാതകം നടത്തുകയായിരുന്നു. അന്നമായ ജില്ലയിലെഒബുലാവാരിപല്ലിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം കുവൈറ്റിലെത്തിയ പിതാവ് കുറ്റം സമ്മതിച്ച് കൊണ്ട് വിഡിയോ പുറത്തിറക്കുകയായിരുന്നു. മകള്‍ നല്‍കിയ ബലാത്സംഗ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും പിതാവ് വിഡിയോയില്‍ ആരോപിച്ചു.
പ്രസാദിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്ത പൊലീസ് ഇയാള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തുകയാണെന്നും അറിയിച്ചു.അഞ്ജനേയ പ്രസാദും ഭാര്യ ചന്ദ്രകലയും കഴിഞ്ഞ 12 വർഷമായി കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. 12കാരിയായ മകള്‍ നാട്ടിലാണ് ഉള്ളത്. ചന്ദ്രകലയുടെ ഭാര്യ സഹോദരി ലക്ഷ്മിയുടെ വീട്ടില്‍ കഴിയുന്നതിനിടെ ഇവരുടെ ഭർത്തൃപിതാവ് ഉറക്കത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ആഞ്ജനേയ പ്രസാദിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കുന്നതിന് പകരം കേസ് ഒത്തുതീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നാണ് ആരോപണം. തുടർന്നാണ് പിതാവ് വിദേശത്ത് നിന്നെത്തി കൊലപാതകം നടത്തിയത്.