പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്ര വികസനം സർക്കാർ യാഥാർഥ്യമാക്കി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.752 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് (എ.സി. റോഡ്) മങ്കൊമ്പ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 65.5 കോടി രൂപയിൽ നിർമ്മിച്ച പടഹാരം പാലത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിർമ്മാണം, കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി – ഘട്ടം 2 നിർമ്മാണം,വീയപുരം മുളയ്ക്കാം തുരുത്തി റോഡ് എന്നിവ ഉൾപ്പടെ 514 കോടി രൂപയുടെ വിവിധ പൊതുമരാമത്ത് പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിർവ്വഹിച്ചു.
മഴ ഒന്ന് കനത്താൽ യാത്ര തടസ്സപ്പെടുന്ന കാലം മാറി പ്രളയത്തെ അതിജീവിക്കും വിധം എ.സി. റോഡ് പുനർനിർമ്മിക്കാനായി. ഇതിന്റെ പ്രയോജനം ആലപ്പുഴ, കോട്ടയം ജില്ലക്കാർക്ക് മാത്രമല്ല, ഈ വഴി യാത്ര ചെയ്യുന്ന സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ലഭിക്കും. 2027 മേയ് മാസത്തോടെ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി പൂർണ്ണമായും കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി 615 കോടി രൂപ വകയിരുത്തി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ ബജറ്റിൽ കുട്ടനാടിന് സർക്കാർ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. വേമ്പനാട് കായലിന്റെ സംരക്ഷണവും സുസ്ഥിരമായ മാനേജ്‌മെന്റും രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാണ്. ഇതിനായിട്ടുള്ള തുക 87 കോടി രൂപയിൽ നിന്നും 137 കോടി രൂപയായി ബജറ്റിൽ ഉയർത്തിയിട്ടുണ്ട്. ഇത് കൂടാതെ കുട്ടനാട്ടിലെ ബണ്ട് നിർമ്മാണത്തിന് അഞ്ചു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ 107 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 വർഷം മുമ്പുള്ള കേരളത്തിന്റെ അവസ്ഥ നിലവിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ വികസന നേട്ടങ്ങൾ വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനം പോലുള്ള പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറിയത് യാദൃച്ഛികമല്ല. 2016 നു ശേഷം തടസ്സങ്ങളെല്ലാം നീക്കി അവ നടപ്പാക്കാൻ സാധിച്ചത് വ്യക്തമായ നയത്തിന്റെ ഭാഗമായിട്ടാണ്.
കേരളത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട് ഒന്നും നടക്കില്ല എന്നതായിരുന്നു 2016-ന് മുൻപിലെ അവസ്ഥ. എന്നാൽ അത് തിരുത്തുവാൻ സർക്കാരിന് കഴിഞ്ഞു. തടസ്സങ്ങൾക്കു മുൻപിൽ വഴങ്ങിക്കൊടുക്കാതെ നാടിന്റെ താല്പര്യം സംരക്ഷിക്കാനാണ് സർക്കാർ ഇടപെട്ടത്.
ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും നടപ്പിലാക്കാൻ കഴിയില്ല എന്ന് കരുതിയ ഒന്നാണ്. നമ്മോടൊപ്പം ആരംഭിച്ച മറ്റു സംസ്ഥാനങ്ങളെല്ലാം അത് പൂർത്തിയാക്കിയെങ്കിലും അതിന്റെ തടസ്സങ്ങൾ പോലും മാറ്റുവാൻ കഴിഞ്ഞിരുന്നില്ല. 2016-ന് ശേഷം ആ പദ്ധതിക്ക് ജീവൻ വെക്കുകയും അത് പൂർത്തിയാക്കുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട ഇടമൺ-കൊച്ചി പവർ ഹൈവേയും യാഥാർഥ്യമായി. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയ്ക്കായി 10,000 കോടി രൂപ ചെലവഴിച്ചുകൊണ്ട് നടപ്പിലാക്കുകയാണ്. വയനാട് തുരങ്കപാത പോലുള്ള പുതിയ പദ്ധതികളും പുരോഗമിക്കുന്നു. സർക്കാർ ഇത്തരം വികസന പദ്ധതികളുമായി മുന്നോട്ട് വന്നപ്പോൾ, വികസനത്തെ എതിർക്കുവാനും തടസ്സങ്ങൾ സൃഷ്ടിക്കുവാനും ചിലർ ശ്രമിക്കുകയുണ്ടായി. എന്നാൽ, ആ തടസ്സങ്ങളെല്ലാം അതിജീവിച്ച് നിശ്ചിത സമയത്തിനുള്ളിൽ തന്നെ പദ്ധതികൾ പൂർത്തിയാക്കാനുള്ള ലക്ഷ്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ജലപാതയുടെ പ്രധാന റീച്ചുകളിലൊന്ന് പൂർത്തിയായി . നവകേരള സൃഷ്ടിക്കായി ഏവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 1300 ഓളം കോടിയുടെ പദ്ധതികളാണ് കേരളത്തിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ നിർമ്മിക്കണമെന്നായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ഇന്ന് 200 പാലങ്ങളുടെ പൂർത്തീകരണത്തിലേക്ക് കടക്കാൻ പോകുന്നു എന്നത് അഭിമാനകരമാണ്.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വിശിഷ്ടാതിഥിയായി സംസാരിച്ചു. കുട്ടനാട്ടിൽ ശുദ്ധജലം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതെന്നും ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 70 കോടി രൂപയുടെ പ്രവർത്തനങ്ങൾ ആണ് നടത്തിയത് എന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിൽ 13 പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കിഫ്‌ബി ധനസഹായത്തോടെയാണ് സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി സജി ചെറിയാൻ , എംഎൽഎമാരായ തോമസ് കെ തോമസ്, എച്ച് സലാം, പി പി ചിത്തരഞ്ജൻ, യു പ്രതിഭ, എം എസ് അരുൺ കുമാർ, ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എ മഹേന്ദ്രൻ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, എഡിഎം ആശാ സി എബ്രഹാം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ നാസർ, കെ എസ് ടി പി പ്രോജക്ട് ഡയറക്ടർ എം അഞ്ജന, കെ ആർ എഫ് ബി പ്രോജക്ട് ഡയറക്ടർ എം അശോക് കുമാർ, കെ ആർ എഫ് ബി ജനറൽ മാനേജർ ബിജു കൃഷ്ണൻ, കെഎസ്ടിപി ചീഫ് എൻജിനീയർ ഐസക് വർഗീസ് , കെ എസ് ടി പി സൂപ്രണ്ടിംഗ് എൻജിനീയർ കെ ടി ബിന്ദു, കെ ആർ എഫ് ബി സൂപ്രണ്ടിംഗ് എൻജിനീയർ പി ആർ മഞ്ജുഷ , കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി.എസ്. ജ്യോതി , കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി ദീപ, ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

