വൃദ്ധയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റില്‍.
കഴിഞ്ഞ വ്യാഴാഴ്ച ചിറയിൻകീഴ് അഴൂര്‍ റെയില്‍വെ ഗേറ്റിന് സമീപം ശിഖ ഭവനില്‍ നിര്‍മ്മല (75) യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍മലയുടെ മൂത്തമകള്‍ ശിഖ (55), ചെറുമകള്‍ ഉത്തര (35) എന്നിവരെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മലക്ക് ശിഖ ഉള്‍പ്പെടെ മൂന്ന് മക്കളാണുളളത്.
നിര്‍മ്മലയുടെ പേരിലുളള സ്ഥിരനിക്ഷേപം ചിറയിന്‍കീഴിലെ സഹകരണ ബാങ്കിലാണ്. ശിഖയുടെ പേര് അവകാശികളുടെ പേരില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നിര്‍മലയുടെ സ്വത്തുക്കളും സമ്പാദ്യങ്ങളും കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമായി പൊലീസ് പറയുന്നത്.
വര്‍ഷങ്ങളായി പിണക്കത്തിലായിരുന്നു ഇരുവരും. വീടിനോട് ചേര്‍ന്ന ചെറിയ ഷെഡിലാണ് നിര്‍മല താമസിച്ചിരുന്നത്. കഴിഞ്ഞ 14ന് വൈകീട്ട് ഷെഡിന്‍റെ താക്കോല്‍ കാണാത്തതില്‍ ഇരുകൂട്ടരും തമ്മില്‍ വഴക്ക് നടന്നു. ഇതിനിടെ ബെല്‍റ്റ് പോലുളള വളളി ഉപയോഗിച്ച് മകളും ചെറുമകളും ചേര്‍ന്ന് നിര്‍മലയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.