നിരവധി പോരാട്ടങ്ങളില്‍ രാജ്യത്തിനു കരുത്ത് പകർന്ന മിഗ് 21 യുദ്ധവിമാനം ആറ് പതിറ്റാണ്ടുകള്‍ക്കുശേഷം സേനയോട് വിട പറഞ്ഞു.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനം ഇനി മിഗ് 21ന് പകരക്കാരനാകും.ചണ്ഡിഗഡ് എയർഫോഴ്സ് സ്റ്റേഷനില്‍ 1963ലാണ് മിഗ് 21 വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. അതേ സ്ഥലത്തുതന്നെയായിരുന്നു അതിന്‍റെ അവസാന പറക്കലും.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാൻ, ആർമി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷല്‍ എ.പി. സിംഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, മുൻ വ്യോമസേനാ മേധാവികളായ എസ്.പി. ത്യാഗി, ബി.എസ്. ധനോവ തുടങ്ങിയവർ മിഗ് 21 വിമാനങ്ങളുടെ അവസാന പറക്കലിനു സാക്ഷ്യം വഹിച്ചു.ഉച്ചയോടെ സേനയുടെ ഭാഗമായി യുദ്ധവിമാനങ്ങള്‍ അവസാനമായി പറന്നു. ലാൻഡ് ചെയ്ത മിഗ് 21 വിമാനങ്ങളെ വാട്ടർ സല്യൂട്ട് നല്‍കി യാത്രയാക്കി. എയർ ചീഫ് മാർഷല്‍ എ.പി.സിംഗ് അവസാന പറക്കലില്‍ ബാദല്‍ 3 എന്ന സ്ക്വാഡിനെ നയിച്ചു.

