കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 52 ആയി.പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം.മഴയിൽ താൽക്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം. മത്സരത്തിന് മുമ്പായി മഴ പെയ്തിരുന്നു. ഇതോടെ തടികൊണ്ട് നിർമിച്ച താത്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞു താഴ്ന്നുപോവുകയായിരുന്നു.നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. പരിക്കേറ്റവരിൽ 45 പേർ കോതമംഗലം ബെസലിയോസ് ആശുപത്രിയിലും രണ്ടു പേർ തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലും അഞ്ചു പേർ കോതമംഗലം സെന്റ് ജോസഫ്‌സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.