ജയരാജനെതിരെ പാര്‍ട്ടിയുടെ കര്‍ശന നടപടിക്ക് സാധ്യത; നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗം
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുകയാണ്.
യോഗത്തില്‍ ഇപിക്കെതിരായ നടപടിയെ കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.
കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് ഇപിക്കെതിരെ നടപടി വേണമെന്ന് കേന്ദ്രത്തോട് ശുപാർശക്ക് സാധ്യത തെളിയുന്നത്.
കൂടിക്കാഴ്ച പാര്‍ട്ടിയില്‍ നിന്നും മുതിര്‍ന്ന നേതാവ് തന്നെ മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇ.പി ജയരാജന്റെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെയെന്ന വിമര്‍ശനം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നാണ് വിമര്‍ശനം
നേരത്തെ കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇടതും ബിജെപിയും തമ്മിലാണ്, ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണ് തുടങ്ങിയ ഇപിയുടെ പരാമര്‍ശങ്ങള്‍ തന്നെ വിവാദമായിരുന്നു.