വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും ചേലക്കര നിയമസഭാ മണ്ഡലത്തിലേയും ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയായി. 71.65 ശതമാനം വോട്ടുകളാണ് ചേലക്കരയില്‍ പോള്‍ ചെയ്യപ്പെട്ടത്. വയനാട് പോളിംഗ് ശതമാനം 63.59 ശതമാനവുമാണ്. പോളിംഗ് ശതമാനം നന്നായി ഇടിഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നുണ്ട്. ചേലക്കര മണ്ഡലത്തിലെ പുലാക്കോട് എഎല്‍പി സ്‌കൂളില്‍ ബൂത്ത് 88ല്‍ വന്‍ തിരക്കാണ് ആറ് മണി കഴിഞ്ഞും ദൃശ്യമായത്. സമയം അവസാനിച്ചിട്ടും നിരവധി പേരാണ് വോട്ട് ചെയ്യാനായി കാത്തുനില്‍ക്കുന്നത്. മികച്ച പോളിംഗാണ് ചേലക്കരയില്‍ രാവിലെ രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ ഉച്ചവരെ വോട്ടേഴ്‌സിന്റെ വലിയ നിരയായിരുന്നു പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍പ്രദീപ് ദേശമംഗലം വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂളില്‍ ഭാര്യക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. കെ രാധാകൃഷ്ണന്റെ വോട്ട് തോന്നൂര്‍ക്കര എയുപി സ്‌കൂളിലായിരുന്നു. ബിജെപി സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പാമ്പാടി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനു മണ്ഡലത്തില്‍ വോട്ടില്ല.