ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സിന് തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ

തിരുവനന്തപുരം: സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി തെരഞ്ഞെടുത്തത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ. ഡിഎം പള്‍മണറി മെഡിസിന്‍ കോഴ്‌സ് ആണ് നീറ്റ് എസ്.എസ്. റാങ്ക് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി തെരഞ്ഞെടുത്തത്. ഇത് കൂടാതെ അഞ്ചാം റാങ്കുള്ള വിദ്യാര്‍ത്ഥിയും തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനേയാണ്. മൂന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജും തെരഞ്ഞെടുത്തു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന ഡിഎം പീഡിയാട്രിക് നെഫ്രോളജിയിലും ഉയര്‍ന്ന റാങ്കിലുള്ള (33, 64) വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്.

അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അടുത്തിടെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ 12 മെഡിക്കല്‍ പിജി സീറ്റുകളിലാണ് സമയബന്ധിതമായി കോഴ്‌സ് ആരംഭിക്കുന്നത്. അതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പള്‍മണറി മെഡിസിന്‍ 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചിരുന്നത്. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പിജി സീറ്റുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സ് ആരംഭിക്കുന്നത്. രാജ്യത്ത് തന്നെ ഈ മേഖലയില്‍ ഡോക്ടര്‍മാരുടെ എണ്ണം കുറവാണ്. കുട്ടികളുടെ വൃക്ക രോഗങ്ങള്‍, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കി വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിച്ചെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നു. പീഡിയാട്രിക് നെഫ്രോളജി പ്രത്യേക വിഭാഗമുള്ള സംസ്ഥാനത്തെ ഏക മെഡിക്കല്‍ കോളേജ് കൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. എസ്.എ.ടി. ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

ശ്വാസകോശ രോഗങ്ങളുടെ സമഗ്രമായ ചികിത്സ സംബന്ധിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സാണ് ഡിഎം പള്‍മണറി മെഡിസിന്‍. നിദ്ര ശ്വസന രോഗങ്ങളും ക്രിട്ടിക്കല്‍ കെയറും ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല ഗവേഷണ രംഗത്തും ഏറെ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു ഡിഎം പള്‍മണറി മെഡിസിന്‍ സീറ്റ് മാത്രമാണുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂടി കോഴ്‌സ് ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിക്കാനാകും.

Leave a Reply

spot_img

Related articles

കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കരിയാട് മുക്കാളിക്കരയിലെ രജീഷ് (48) ആണ് മരിച്ചത്. അഴിയൂർ രണ്ടാം വാർഡിൽ...

കോളേജുകൾക്കായി ഐ പി എൽ, ഐ എസ് എൽ മോഡൽ പ്രൊഫഷണൽ ലീഗ്

രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം...

അതിതീവ്ര മഴ സാധ്യത; കോട്ടയം ജില്ല​യിൽ മേയ് 26ന് റെഡ് അലേർട്ട്

അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 26ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...

മറിയക്കുട്ടിയെ പരോക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

ബിജെപിയിൽ ചേർന്ന മറിയക്കുട്ടിയെ പരോക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.വീട് നൽകിയവരെ വേണ്ടെന്ന് വച്ച് കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ വന്നവരുടെ പാർട്ടിൽ...