വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന വ്യാജ പരാതി ഒൻപതാം ക്ലാസ്സുകാരനെ ഭീക്ഷണിപ്പെടുത്തി എഴുതി വാങ്ങിയ ചൈൽഡ് ലൈലൻ പ്രവർത്തകന് അഞ്ചര വർഷം കഠിന തടവും 1,36,000 പിഴയും ശിക്ഷ വിധിച്ച് കോടതി. മൂന്നാർ സ്വദേശി ജോൺ എസ് എഡ്വിനെയാണ് ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്. സ്കൂളിലെ മറ്റ് ടീച്ചർമാർക്ക് കൗൺസിലറോടുള്ള വിരോധം നിമിത്തമാണ് വ്യാജ പരാതി എഴുതി വാങ്ങിയത്. പൊലീസ് കുട്ടിയുടെ മൊഴി എടുത്തതോടെയാണ് സംഭവം വ്യാജമാണെന്ന് കണ്ടെത്തിയത്.- Advertisement -2020 ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ മറ്റ് ടീച്ചർമാർ കൗൺസിലർ ടീച്ചറിനോടുള്ള വിരോധം മൂലം പ്രതിയെ കൊണ്ട് ഇത്തരം ഒരു വ്യാജ പരാതി കുട്ടിയെ ഭീക്ഷണിപ്പെടുത്തി എഴുതി വാങ്ങുകയായിരുന്നു. പിന്നീട് ഇയാൾ ഈ പരാതി ഉൾപ്പെടെ പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് കുട്ടിയെ കണ്ടു പൊലീസ് മൊഴി എടുക്കുന്ന സമയമാണ് കേസിന്റെ ചുരുൾ അഴിയുന്നത്. പ്രതി തന്നെ അടച്ചിട്ട മുറിയിൽ തനിച്ചിരുത്തി ഭീക്ഷണിപ്പെടുത്തിയാണ് പരാതി എഴുതി വാങ്ങിയതെന്ന് കുട്ടി മൊഴി നൽകി. പിന്നീടാണ് ചൈൽഡ് ലൈൻ പ്രവർത്തകനെ പ്രതിയാക്കി മൂന്നാർ പൊലീസ് പോക്സോ നിയമം, ജ്യൂവനൈൽ ജസ്റ്റിസ് ആക്ട്, ഇന്ത്യൻ പീനൽ കോഡ് തുടങ്ങി വിവിധ വകുപ്പുകളിൽ കേസ് എടുത്തത്. 17 സാക്ഷികളെയും 23 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സംഭവത്തിന് ശേഷം പിന്നീട് കൗൺസലിംഗ് ടീച്ചർ ആത്മഹത്യ ചെയ്ത സാഹചര്യവുമുണ്ടായി.