എന്‍ഡിഎയുടെ ഭാഗമായിരുന്ന 2 ഘടകകക്ഷികളെയും പി.വി.അന്‍വറിനേയും സ്വന്തം പാളയത്തിലെത്തിച്ച് യുഡിഎഫ്.പി.വി.അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസ് എന്നിവരെ യുഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.എന്നാല്‍, തുടക്കത്തില്‍ അസോഷ്യേറ്റ് അംഗങ്ങളായാണ് ഇവരെ ഉള്‍പ്പെടുത്തുക. വരുംദിവസങ്ങളില്‍ ഇടതു സഹയാത്രികര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര് യുഡിഎഫിന്റെ ഭാഗമാകുമെന്ന് കൊച്ചിയില്‍ യുഡിഎഫ് ഏകോപന സമിതിയോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് യുഡിഎഫ് അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഘടകകക്ഷികളെ എത്തിക്കുന്നത്.
അസോഷ്യേറ്റ് അംഗങ്ങളായവരെ യുഡിഎഫ് യോഗങ്ങളിലേക്കു ക്ഷണിക്കുമെന്നും ഉഭയകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും സതീശന് വ്യക്തമാക്കി. കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വന്ന് വലിയ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറും. ഇടതുപക്ഷ സഹയാത്രികരായിരുന്ന പലരും യുഡിഎഫുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഉപാധികളില്ലാതെയാണ് 3 പാര്‍ട്ടികളെയും യുഡിഎഫിന്റെ ഭാഗമാക്കിയിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ പരിശോധിച്ച് അടുത്ത ഘട്ടത്തില്‍ ഘടകകക്ഷിയാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

