തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി.
ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്.
ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും, ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.
പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്.
രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ശിക്ഷ പോര; ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായികൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത
പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത.
ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായി ഹരിത പറഞ്ഞു.
കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകുമെന്നും ഹരിത പറഞ്ഞു.
ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ എനിക്ക് തൃപ്തിയില്ല.
വധശിക്ഷ തന്നെ കൊടുക്കണം.
ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു.
ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നായിരുന്നു അച്ഛന്റെയും പ്രതികരണം.
വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും,നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണിയെന്നും ഹരിത വെളിപ്പെടുത്തി.