എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്തിനെയും വക്രീകരിക്കാൻ, തെറ്റായി വ്യാഖ്യാനിക്കാൻ ഉള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടിക്കെതിരായാണ്. എന്നാൽ ചിലർ അതിനെ ഒരു മതത്തിനെതിരെ സംസാരിച്ചെന്ന നിലയിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ എസ്‌എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി 30 വർഷം പിന്നിട്ടതിന്റെ ഭാഗമായി ചേർത്തല യൂണിയൻ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്എൻഡിപി യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാപൂർവമായ സമീപനം സ്വീകരിക്കുന്ന നേതാവും ഭരണാധികാരിയുമാണ് പിണറായി വിജയനെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർക്കാരുമായുള്ള ഇടപെടലുകളിൽ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയിൽ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്. നമ്മുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഗണിക്കാനും നടപടികൾക്കും ആത്മാർഥമായ ഇടപെടലുകൾ അദ്ദേഹം നടത്താറുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വച്ചുനോക്കിയാൽ പിണറായി വിജയൻ തന്നെ ഭരണതുടർച്ചയിലേക്കെത്താനുള്ള കാലാവസ്‌ഥയാണ് ഇപ്പോഴുള്ളത്. മൂന്നാം വട്ടവും മുഖ്യമന്ത്രി പദത്തിലേക്ക് എത്താൻ അദ്ദേഹത്തിന് സാധിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.