തിലക് വര്‍മയുടെ സെഞ്ച്വറിയിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ജയം.അവസാന ഓവര്‍വരെ ആവേശം നിറഞ്ഞ കളിയില്‍ 11 റണ്ണിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ സൂര്യകുമാര്‍ യാദവും സംഘവും 2-1ന് മുന്നിലെത്തി. അവസാന കളി നാളെയാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്ണാണ് അടിച്ചെടുത്തത്. തിലക് 56 പന്തില്‍ 107 റണ്ണുമായി പുറത്താകാതെനിന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ഏഴിന് 208ല്‍ അവസാനിച്ചു. 17 പന്തില്‍ 54 റണ്ണെടുത്ത മാര്‍ക്കോ ജാന്‍സെനാണ് അവസാന ഘട്ടത്തില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത്. ഇരുപതാം ഓവറില്‍ ജാന്‍സണെ മടക്കി അര്‍ഷ്ദീപ് സിങ് ജയമൊരുക്കി. അര്‍ഷ്ദീപ് മൂന്ന് വിക്കറ്റെടുത്തു.
മലയാളി താരം സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ തിലക് വര്‍മയും അഭിഷേക് ശര്‍മയും കത്തിക്കയറി. വണ്‍ഡൗണായി ഇറങ്ങിയ തിലക് വര്‍മ ടി20യിലെ ആദ്യ സെഞ്ച്വറി നേടി.