ലക്ഷങ്ങൾ വകമാറ്റിയെന്ന പരാതിയിൽപാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാൻ ഏജന്‍റായി പ്രവർത്തിക്കുന്ന ബിന്ദു. കെ.ആറിന്‍റെ ഏജൻസിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്‍റെ ഏജൻസി വഴി ഇരുപത്തഞ്ച് ലക്ഷത്തിൽപരം രൂപയുടെ തിരിമറി നടന്നതായി പരാതിയുണ്ടായിരുന്നു. ഇത് അന്വേഷിച്ച് വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ. പാളയംകുന്ന് പോസ്റ്റോഫീസിൽ ആർഡി നിക്ഷേപം നടത്തുന്ന നിക്ഷേപകർ പാളയംകുന്ന് പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പവരുത്തണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.പരാതിയുള്ളവർ വർക്കല ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെടണം. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ബിന്ദുവുമായി യാതൊരുവിധ പണമിടപാടും നടത്താൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. മഹിളാപ്രധാൻ ഏജന്‍റുമാരുമായി ബന്ധപ്പെട്ട പരാതികൾ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാനായി 0471 – 2478731 എന്ന നമ്പരും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, ബിന്ദു തുക തിരിച്ചടച്ചെന്നും തിരികെ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു.