കള്ളവാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യും : കെ സുരേന്ദ്രന്‍
കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.
അതേസമയം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചതെന്നും കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദന്‍ പറഞ്ഞു.
‘ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചത്. പ്രത്യേക അന്വേഷണ സംഘം പൂര്‍ണമായിട്ടും ദിവ്യയെയും കലക്ടറെയും സംരക്ഷിക്കുന്ന നിലയിലാണ് അന്വേഷണം നടത്തിയത്. എല്ലാ തെളിവുകളും നശിപ്പിക്കാനാവശ്യമായ അന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം നടത്തിയത്. ഞങ്ങള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തൊടപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ നാടകമാടുകയാണ് സിപിഎം ചെയ്തത്. പത്തനംതിട്ടയിലെ സിപിഎം നേതൃത്വും ഇവിടുത്തെ പ്രാദേശിക നേതൃത്വവും ഈ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന പ്രതീതി നടത്താനാണ് ശ്രമിച്ചത്. പിണറായിയുയും എംവി ഗോവിന്ദനും കണ്ണുര്‍ പാര്‍ട്ടി ഘടകവും ആദ്യം മുതലേ കൊലയാളികള്‍ക്കൊപ്പമാണ് നിന്നത്. പിപി ദിവ്യയെ സംരക്ഷിക്കുന്ന സമീപനമാണ് അവര്‍ എടുത്തത്’
‘ഇപ്പോള്‍ ആ കൂടുംബത്തിന് കാര്യം ബോധ്യപ്പെട്ടു. അതിനാലാണ് അവസാന പ്രതീക്ഷയായ ഹൈക്കോടതിയെ സമീപിച്ചത്. നീതി പീഠം തീര്‍ച്ചയായും കണ്ണുതുറക്കുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുളളത്. കേസിന്റെ സത്യാവസ്ഥ പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. അവര്‍ക്ക് നീതി ലഭിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയുടെ അനുമതി അവര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ’
‘പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ മഹാപ്രസ്ഥാനത്തെ കരിവാരി തേക്കാന്‍ മൂന്നുനാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തിനെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോടാണ് പറയുന്നത്. ഒരു മഹാപ്രസ്ഥാനത്തെ അപമാനിക്കാന്‍ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരുമാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ല, അതില്‍ ഒരു സംശയവും വേണ്ട’- കെ സുരേന്ദ്രന്‍ പറഞ്ഞു.