ദേശീയപാതയിൽ പാലക്കാട് പന്തലാംപാടത്തിനു സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നും ജീവനക്കാരന്‍റെ കൈയ്യിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്ടിച്ചവർ കോഴിക്കോട് പിടിയിൽ. പരപ്പനങ്ങാടി സ്വദേശികളായ റസൽ, ആഷിക്ക് എന്നിവരാണ് കോഴിക്കോട് പന്നിയങ്കര പൊലീസിന്‍റെ പിടിയിലായത്. നിരവധി മേഷണക്കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 12.50 നാണ് സംഭവം നടന്നത്. 48,380 രൂപയടങ്ങിയ ബാഗാണ് മാസ്ക് ധരിച്ച് ബൈക്കിലെത്തിയ യുവാക്കൾ കവർന്നത്.മാസ്ക് ധരിച്ച് ബൈക്കിൽ പമ്പിലെത്തിയ രണ്ടു പേർ പെട്രോൾ അടിക്കുന്ന സ്ഥലത്തെത്തി ഇറങ്ങുകയായിരുന്ന ജീവനക്കാരുടെ സമീപം വെച്ചിരുന്ന ബാഗ് തട്ടിയെടുത്തു പോവുകയായിരുന്നു. പ്രതികൾ പിന്നീട് പാലക്കാട്- കോഴിക്കോട് ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് സിസിടിവി പരിശോധനയിൽ കണ്ടെത്തി. ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് പരിശോധിച്ചതിൽ വാഹനം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു ഹോട്ടൽ ജീവനക്കാരന്‍റേതാണെന്നും കഴിഞ്ഞ ദിവസം മോഷ്ടിടിച്ചതാണെന്നും കണ്ടെത്തി.