ബാങ്കിന്റെ ലോക്കർമുറിയില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരികള്‍ ജനറേറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായി.
ഇരിങ്ങാലക്കുട മാപ്രാണം സെന്ററില്‍ തൃശ്ശൂർ ബസ്‌സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് അപകടം.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വർണം എടുത്തുവെക്കാൻ ബാങ്കിലെ ക്ലാർക്കുമാരായ ചേർപ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38),പത്തനംതിട്ട സ്വദേശി സ്റ്റെഫി(23) എന്നിവർ ലോക്കർമുറിയിലേക്കു പോയി.
അവരെ തിരികെക്കാണാതായതിനെത്തുടർന്ന് അസി. മാനേജർ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്.
മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
ഉടൻ ബാങ്കിലെ ഗോള്‍ഡ് അപ്രൈസർ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു.
ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി.
ഇരിങ്ങാലക്കുട പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.