തൃശൂർ പൂരം പ്രതിസന്ധി

എൽഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ പൊലീസിന് എതിരെ തുടർച്ചയായി സംസാരിച്ചിട്ടും, തിരുവമ്പാടി ദേവസ്വത്തെ അനുനയിപ്പിക്കാനും പൊലീസിനെതിരെ ശക്തമായ നിലപാട് എടുക്കാനും രാത്രി മുഴുവനും മന്ത്രി കെ.രാജൻ അധ്വാനിച്ചിട്ടും വിവാദങ്ങൾ അടങ്ങുന്നില്ല. കലക്കവെള്ളത്തിൽ ആരാണ് മീൻ പിടിക്കുക എന്നത് ഇലക്ഷൻ കഴിഞ്ഞാലേ പറയുവാൻ സാധിക്കൂ,

ബിജെപിക്ക് അനുകൂലമായി ആരോ ചരടുവലിക്കുവാണന്ന് സുനിൽകുമാർ പറഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോയതിൽ എൽഡിഎഫ് ക്യാമ്പും ആശങ്കയിലാണ്. പോലീസിൻ്റെ പിടിവാശിയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് എൽഡിഎഫ് ക്യാമ്പ് പറയുന്നത്. സുനിൽകുമാറിനു മേൽകൈ കിട്ടിയ പ്രചരണച്ചൂടിലാണ് ഈ വിവാദങ്ങൾ വന്നിരിക്കുന്നത്,പൊലീസ് നടപടിയും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു സൂചന.

തീവെട്ടി വെളിച്ചത്തിലെ പാണ്ടിമേളവും രാത്രിക്കുളിരിലെ പഞ്ചവാദ്യവും പ്രകമ്പനം സൃഷ്ടിക്കുന്ന രാത്രിവെടിക്കെട്ടും കാണാൻ ഉറക്കമിളച്ചു വർഷങ്ങളായി രാത്രിപ്പൂരത്തിനെത്തുന്ന പൂരപ്രേമികൾക്കു മനസ്സിടിഞ്ഞു മടങ്ങേണ്ടിവന്നുവെന്ന കാര്യത്തിലേക്കാണ് പോക്ക്. പകൽസമയത്തെ കൊടുംവെയിലും ചൂടും ഒഴിവാക്കി പൂരക്കാഴ്ചകൾ കാണാൻ രാത്രിയിൽ സകുടുംബമെത്തിയ പതിനായിരങ്ങളെ വലച്ചതു പൊലീസിന്റെ കടുംപിടിത്തവും അനാവശ്യമായ നിയന്ത്രണങ്ങളുമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെ പാറമേക്കാവിനു മുന്നില്‍ ഏഴാനകളുടെ അകമ്പടിയോടെ നടന്ന എഴുന്നള്ളത്തും ചോറ്റാനിക്കര നന്ദപ്പ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യവും കാണാൻ 9 മണിയോടെ തന്നെ ജനം നിറഞ്ഞിരുന്നു. മറുവശത്ത് തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം കൊഴുക്കാൻ തുടങ്ങിയതോടെ ജനം അവിടേക്കു നീങ്ങി. മഠത്തിൽ നിന്നു കലാശംകൊട്ടി നടുവ‍ിലാലെത്തിയപ്പോഴാണ് എഴുന്നള്ളിപ്പ് സംഘം മുന്നിൽ പൊലീസിന്റെ ബാരിക്കേഡ് കണ്ട് അന്തം വിടുന്നത്.

തിടമ്പേറ്റിയ ആനയെയും വാദ്യക്കാരെയും പൂരപ്രേമികളെയും അടക്കം പൊലീസ് തടഞ്ഞുവച്ചു. വെടിക്കെട്ടിനു വേണ്ടി സ്വരാജ് റൗണ്ട് അടച്ചുകഴിഞ്ഞെന്നും ഇനി കടത്തിവിടാനാകില്ലെന്നുമായിരുന്നു വാദം. മഠത്തിൽവരവ് നായ്ക്കനാലിൽ കലാശിക്കുന്നതാണു നൂറ്റാണ്ടുകളായുള്ള പതിവെന്നും അതിൽ മാറ്റംവരുത്താനാകില്ലെന്നും കമ്മിറ്റിക്കാർ പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ല. ഇതോടെയാണ് എഴുന്നള്ളിപ്പ് നിർത്തി പഞ്ചവാദ്യക്കാർ പിരിഞ്ഞുപോയത്. തിടമ്പുമായി ആനയും മടങ്ങിപ്പോയി. വേദനയോടെ ജനവും മടങ്ങിത്തുടങ്ങി.

പ്രതിഷേധം കനക്കുകയാണ്. പൂരത്തിലുണ്ടായ തർക്കം സിപിഎമ്മും ബിജെപിയും ആസൂത്രണം ചെയ്തു ബിജെപിക്കു വോട്ടുമറിക്കാനുള്ള തന്ത്രമാണെന്നു കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ ആരോപിച്ചു. സുരേഷ് ഗോപിയാകട്ടെ, മാധ്യമ പ്രതികരണത്തിനു തയാറാകാതെ രാത്രി മുഴുവൻ ദേവസ്വങ്ങൾക്കൊപ്പമിരുന്നു ചർച്ച നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ഇതു വിഷയമാകുമെന്നു വ്യക്തമാണ്. ആർക്കു ഗുണം ചെയ്യുമെന്നു വരും ദിവസങ്ങളിലേ വ്യക്തമാകൂ.

Leave a Reply

spot_img

Related articles

ശിവാനി ജിജിത് നായർ – മലയാള സിനിമക്ക്‌ പുതിയ ഒരു പിന്നണി ഗായിക

സംഗീത പാരമ്പര്യ മുള്ള ഒരു കുടുംബത്തിൽ നിന്നും ഒരു ഗായിക കൂടി മലയാള സിനിമക്ക് സ്വന്തമാകുന്നു. ശിവാനി ജിജിത് നായർ.നിർമ്മാണത്തിലിരിക്കുന്ന ശുക്രൻ, എപ്പോഴും എന്നീ...

തിരുവനന്തപുരം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി നടത്തിയ ഏജന്‍റിന് സസ്പെൻഷൻ‌

ലക്ഷങ്ങൾ വകമാറ്റിയെന്ന പരാതിയിൽപാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാൻ ഏജന്‍റായി പ്രവർത്തിക്കുന്ന ബിന്ദു. കെ.ആറിന്‍റെ ഏജൻസിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്‍റെ ഏജൻസി...

തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

തൃശ്ശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി. വീണ്ടശ്ശേരി സ്വദേശി സ്രാമ്പിക്കൽ ഷാജിയാണ് മരിച്ചത്. ഷോക്കേറ്റാണോ മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ അരികിൽ നിന്ന്...

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി.

കമാഖ്യ എക്സ്പ്രസ്സിന്റെ 11എസി കോച്ചുകളാണ് ഞായർ രാവിലെ 11.45 ഓടെ പാളം തെറ്റിയത്.കട്ടക്ക് ജില്ലയിലെ നെർ​ഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ...