“താരക മണിമാല ചാർത്തിയാൽ അതും കൊള്ളാം,
കാറണിച്ചെളി നീളെ പുരണ്ടാൽ അതും കൊള്ളാം !”
1959 ജൂലൈ 31;
മുഖ്യമന്ത്രിപദം രാജിവച്ച ശേഷം ഐക്യ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി പത്രസമ്മേളനത്തിനെത്തിയപ്പോൾ ‘എന്താണ് ഇപ്പോൾ അങ്ങയുടെ മാനസികാവസ്ഥ ?’ എന്നതായിരുന്നു ആദ്യ ചോദ്യം തന്നെ. അതിന് വള്ളത്തോൾ നാരായണമേനോന്റെ ഈ കവിതയായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം ;
‘ഇ എം എസിന് മറുപടി പറയുക എന്നതാണ് സാഹസം’ എന്നെഴുതിയത് ദേശാഭിമാനി ആയിരുന്നില്ല, കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണമായിരുന്നു.
മാർക്സിസ്റ്റ് ദാർശനികതയുടെ എക്കാലത്തെയും മികച്ച പ്രചാരകനും പരിഷ്കർത്താവുമായ രാഷ്ട്രീയ കൈരളിയുടെ പ്രഥമ മുഖ്യമന്ത്രി.
വള്ളുവനാടിന്റെ ഇരുണ്ട മണ്ണിൽ, ജന്മിത്വം അതിന്റെ എല്ലാ അർത്ഥത്തിലും ഏകാധിപത്യത്തോടെ കൊടികുത്തി വാണിരുന്ന കാലത്ത് മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തി പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞ് നിന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏറ്റവും ജനകീയനായ നേതാവ്.
ബി. ആർ. പി. ഭാസ്കറിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ ആദിശങ്കരന് ശേഷം കൈരളിയുടെ ശ്രേഷ്ഠ ഭൂമിക കണ്ട ഏറ്റവും ശക്തനായ താർക്കികൻ.
ഏലംകുളത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടെന്ന ഇന്ത്യൻ വിപ്ലവ പ്രസ്ഥാനങ്ങളുടെ ധൈഷണികാചാര്യൻ.
മാതൃഭൂമി എഴുതിയത് പോലെ ‘ഏതൊരു മലയാളിയും തങ്ങളുടെ മനസ്സിൽ ആദർശ ആശയ വൈരമില്ലാതെ പറയുന്ന മൂന്നക്ഷരത്തിന്റെ ഏകകമാണ് ഇ എം എസ്’.
വിടി ഭട്ടതിരിപ്പാടും എംആർബിയും പ്രേംജിയുമുൾപ്പെടെയുള്ള നവോത്ഥാന നായകരുടെ പാത പിന്തുടർന്ന് ജാതി ബ്രാഹ്മണ്യത്തിനെതിരെ പടപൊരുതാനിറങ്ങിയ അദ്ദേഹം പിന്നീട് സോഷ്യലിസത്തിൽ ആകൃഷ്ടനാവുകയായിരുന്നു.
അഷ്ടഗൃഹത്തിലാഢ്യരായി പിറന്നവരെന്ന് അഹങ്കരിച്ചിരുന്ന ജാതിക്കോമരങ്ങൾക്കും, മാനവ കുലത്തെ അടക്കി വാഴുന്ന സാമ്രാജ്യത്വ ശക്തികൾക്കുമെതിരെ അദ്ദേഹം നിരന്തരം പോരാടി.
അങ്ങനെ യോഗക്ഷേമസഭയിലും അവിടെ നിന്ന് കോൺഗ്രസിലും, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും, പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലുമെല്ലാം അദ്ദേഹം അംഗമായി.
മനുഷ്യാന്തസ്സിന്റെ ചക്രവാളങ്ങളിൽ ചുവന്ന കൊടിയുമേന്തി മർദ്ദിത കോടികളുടെ അവകാശങ്ങൾക്കായി അദ്ദേഹം മുദ്രാവാക്യങ്ങളുയർത്തി.
ഐക്യ കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ലോക ചരിത്രത്തിന്റെ സുപ്രധാനമായൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ധൈഷണിക ശൂന്യതയാണ് ആ മനുഷ്യന്റെ വിയോഗമെന്ന് രാഷ്ട്രീയ എതിരാളികൾ പോലും അടിവരയിട്ട് പറയുന്നുണ്ട്.
ഐക്യകേരളം പിറവിയെടുത്തപ്പോൾ കൈരളി തന്റെ സുവർണ്ണ സിംഹാസനത്തില്‍ ഇ.എം.എസ്സിനെ ഇരുത്തിയത് അദ്ദേഹത്തിന്റെ പ്രയത്നത്തിന് കാലം കരുതിവെച്ച കാവ്യനീതിയായി തന്നെ അടയാളപ്പെടുത്തണം.
സമകാലിക ഇന്ത്യയിൽ അദ്ദേഹത്തിന്റെ വരികളിലൂടെ, വാക്കുകളിലൂടെ, പ്രവർത്തിയിലൂടെ സോഷ്യലിസ്റ്റുകൾ ശക്തിപ്പെടുത്തേണ്ടതും ഇടത് പക്ഷ ബദലെന്ന ലക്ഷ്യത്തെ തന്നെയാണ്.
ബൗദ്ധേയൻ