മാൾഡ (പശ്ചിമ ബംഗാൾ): വ്യാഴാഴ്ച കാലവർഷം ആരംഭിക്കാനിരിക്കെ പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലുണ്ടായ ഇടിമിന്നലിൽ 12 പേർ മരിച്ചു.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
മൃതദേഹങ്ങൾ മാൾഡ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മാൾഡയിൽ ഇടിമിന്നലിൻ്റെയും ശക്തമായ കാറ്റിൻ്റെയും അകമ്പടിയോടെ മഴ അനുഭവപ്പെട്ടു.
ഓൾഡ് മാൾഡ ഏരിയയിൽ ചന്ദൻ സഹാനി (40), രാജ് മൃദ (16), മനോജിത് മണ്ഡൽ (21) എന്നിവരും, ഗജോളിലെ അദീനയിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ അസിത് സാഹ (19) യുമാണ് ഇടിമിന്നലേറ്റ് മരിച്ചത്.
ഇംഗ്ലീഷ് ബസാറിലെ ശോഭനഗർ ഗ്രാമത്തിലെ പങ്കജ് മൊണ്ടൽ (28), സുയിതാര ബീബി (39) എന്നിവരും ഇടിമിന്നലേറ്റ് മരിച്ചതായി റിപ്പോർട്ടുണ്ട്.
പിന്നീട്, അതുൽ മൊണ്ടൽ, നയൻ മൊണ്ടൽ, ഷെയ്ഖ് സബ്രൂൽ, സുമിത്ര മൊണ്ടൽ, നയൻ റോയ്, പ്രിയങ്ക സിൻഹ റോയ് തുടങ്ങി ആറ് പേർ കൂടി ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ സമാനമായ സംഭവങ്ങളിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇപ്പോൾ നെല്ല് വിളവെടുക്കുന്ന സമയമായതിനാൽ വിളവെടുപ്പ് പൂർത്തിയാക്കിയ ശേഷം വിശ്രമിക്കാൻ മരങ്ങൾക്കടിയിൽ ഇരുന്ന ചിലർ ഇടിമിന്നലേറ്റ് മരിച്ചതായും പ്രദേശവാസിയായ മഞ്ജിത് മൊണ്ടൽ പറഞ്ഞു.
ഈ വിഷയത്തിൽ മരിച്ചവരുടെ കൃത്യമായ എണ്ണം കണ്ടെത്താൻ ബ്ലോക്ക് തിരിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിതിൻ സിംഘാനിയ പറഞ്ഞു.
പ്രത്യേക അനുമതി ലഭിച്ചശേഷം രാത്രിയിൽ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തും.
എല്ലാ ബ്ലോക്കിലെയും ബ്ലോക്ക് ഡവലപ്‌മെൻ്റ് ഓഫീസർമാർ മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും 2 ലക്ഷം രൂപ ധനസഹായം നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.