കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച്‌ രണ്ട് സ്വതന്ത്ര എം.പിമാര്‍

കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച്‌ പപ്പു യാദവടക്കം രണ്ട് സ്വതന്ത്ര എം.പിമാര്‍ കൂടി; അംഗബലം 102

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച്‌ ജയിച്ച രണ്ട് എം.പിമാർ കൂടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.

ബിഹാറിലെ പുർനിയ എം.പി പപ്പു യാദവ്, ലഡാക്ക് എം.പി മുഹമ്മദ് ഹനീഫ എന്നിവരാണ് കോണ്‍ഗ്രസിന് പിന്തുണയറിയിച്ചത്. ഇതോടെ ലോക്സഭയില്‍ കോണ്‍ഗ്രസ് അംഗസംഖ്യ 102ലേക്ക് ഉയർന്നു. നേരത്തെ മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര എം.പി വിശാല്‍ പാട്ടീലും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഹമ്മദ് ഹനീഫ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. മൂന്ന് പേർ കൂടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നേരത്തെ 234 ആയിരുന്ന ഇൻഡ്യ മുന്നണിയുടെ അംഗബലം 237 ആയി.

ലഡാക്കില്‍ കോണ്‍ഗ്രസ്, ബിജെപി സ്ഥാനാർഥികള്‍ക്കെതിരെയാണ് ഹനീഫ മത്സരിച്ചത്. സെറിങ് നംഗ്യാല്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥി. നംഗ്യാലിനെ 27,862 വോട്ടുകള്‍ക്കാണ് ഹനീഫ പരാജയപ്പെടുത്തിയത്. ബിജെപിയുടെ താഷി ഗ്യാല്‍സണ്‍ മൂന്നാം സ്ഥാനത്തേക്കും വീണു.

പാട്ടീല്‍ കഴിഞ്ഞയാഴ്ച പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പപ്പു യാദവ് തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതും തീരുമാനം അറിയിച്ചതും. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ച വിശാല്‍ പാട്ടീല്‍ കഴിഞ്ഞ ആഴ്ചയാണ് കോണ്‍ഗ്രസിനും ഇൻഡ്യ മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിൻ്റെ ചെറുമകനായ ഇദ്ദേഹം, സാംഗ്ലി സീറ്റ് ശിവസേന (യുബിടി)ക്ക് നല്‍കിയതില്‍ എതിർപ്പറിയിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്.

ബിഹാറിലെ പുർനിയയില്‍ നിന്ന് ജെഡിയുവിൻ്റെ സന്തോഷ് കുമാറിനെയും ആർജെഡിയുടെ ഭീമാ ഭാരതിയേയും പരാജയപ്പെടുത്തിയാണ് പപ്പു യാദവ് ലോക്സഭയിലെത്തിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബ് പപ്പു യാദവ് കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. എന്നാല്‍, സഖ്യധാരണയുടെ അടിസ്ഥാനത്തില്‍ സീറ്റ് ആർജെഡിക്കു നല്‍കേണ്ടി വന്നതോടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ പപ്പുവിനു മത്സരിക്കാനായില്ല. ഇതോടെയാണ് അദ്ദേഹം സ്വതന്ത്രനായി കളത്തിലിറങ്ങിയത്.

ഇനിയുള്ള നാല് സ്വതന്ത്ര എംപിമാരായ എഞ്ചിനീയർ റാഷിദ്, അമൃത്പാല്‍ സിങ്, സരബ്ജീത് ഖല്‍സ, ഉമേഷ്ഭായ് പട്ടേല്‍ എന്നിവർ ഏതെങ്കിലും സഖ്യത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഇവരെ കൂടാതെ വൈഎസ്‌ആർ കോണ്‍ഗ്രസിൻ്റെ നാല് എംപിമാരും വിഒടിടിപി, സോറം പീപ്പിള്‍സ് മൂവ്മെന്റ്, അകാലിദള്‍, എഎസ്പി (കാൻഷി റാം), എഐഎംഐഎം എന്നിവയുടെ ഓരോ എംപിമാരും ഒരു മുന്നണിയിലും ചേർന്നിട്ടില്ല. ഇവരില്‍ എഎസ്പി (കാൻഷി റാം), എഐഎംഐഎം എന്നീ പാർട്ടി എം.പിമാർ ഇൻഡ്യ മുന്നണിയില്‍ ചേർന്നില്ലെങ്കിലും എൻഡിഎയെ എതിർക്കാനാണ് സാധ്യത.

Leave a Reply

spot_img

Related articles

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...