മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ സർക്കാർ അവഗണനകള്‍ക്കെതിരെ വയനാട്ടില്‍ ഇന്ന് യുഡിഎഫ്, എല്‍ഡിഎഫ് ഹർത്താല്‍.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് ഹർത്താല്‍ പ്രഖ്യാപിച്ചത്. കേന്ദ്ര അവഗണനയ്‌ക്കെതിരെയാണ് എല്‍ഡിഎഫ് പ്രതിഷേധം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹർത്താല്‍.
മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചത്. കേരള സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നല്‍കിയത്.
ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നാണു കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയത്. എസ്ഡിആർഎഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിന് ആവശ്യമായ എല്ലാ സാമ്ബത്തിക സഹായവും നല്‍കേണ്ടതെന്നും കത്തിലുണ്ട്