വയനാട്ടിൽ പോളിംങ് കുത്തനെയിടിഞ്ഞു. കോണ്‍ഗ്രസിന്‍റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റ് കൂടിയാണ് വയനാട്.
ഇതോടെ, യുഡിഎഫിന് ആശങ്കകൾ ഏറുകയാണ്. രാഹുല്‍ ഗാന്ധിക്ക് 2019ല്‍ കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം (4,31,770) നല്‍കിയ മണ്ഡലമാണ് വയനാട് ലോക്‌സഭ സീറ്റ്.
2024ലേക്ക് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്കും യുഡിഎഫിനും ആശങ്കകളുടെ സൂചനകളാണ് വയനാട്ടിലെ പോളിംങ് കണക്കുകള്‍ നല്‍കുന്നത്.
വയനാട്ടില്‍ കഴിഞ്ഞവട്ടം രാഹുലിന് കൂടുതൽ ഭൂരിപക്ഷം നൽകിയ നിയമസഭ മണ്ഡലത്തിൽ ഇക്കുറി പോളിംങ് കുറഞ്ഞു.
ഇത്തവണ എല്‍ഡിഎഫിനായി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയും എന്‍ഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മത്സരത്തിനായി വന്നപ്പോള്‍ വയനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ആവേശം പ്രചാരണത്തില്‍ ദൃശ്യമായി.
അപ്പോഴും രാഹുല്‍ ഗാന്ധിക്ക് തന്നെ വലിയ മേല്‍ക്കൈ യുഡിഎഫ് കണക്കുകൂട്ടി. എന്നാല്‍ വയനാട്ടിൽ ഇത്തവണ പോളിംങ് കുത്തനെയിടിഞ്ഞതോടെ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്പ് ആശങ്കയിലാണ്.
കഴിഞ്ഞ തവണ പോൾ ചെയ്തത് 80.33 ശതമാനം വോട്ടുകളെങ്കില്‍ ഇത്തവണ അത് ഏഴ് ശതമാനം കുറഞ്ഞ് 73.48ലേക്ക് താഴ്ന്നു. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ വൻ ഇടിവാണ് പോളിംങില്‍ ഇത്തവണ പ്രകടമായത്.