മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിക്കൊണ്ട് മലയാളം സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലറായ ‘വടക്കന്‍’ തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. ഇതിനകം വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായങ്ങൾ നേടിയ ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്ത ‘വടക്കനി’ൽ തെന്നിന്ത്യൻ താരങ്ങളായ കിഷോർ, സ്വാതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കൻ’ ഒരുക്കിയിരിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്. കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിൻ ഫിലിപ്പ്, മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ‘വടക്കനി’ലെ വ്യത്യസ്തമായ ഗാനങ്ങളായി പുറത്തിറങ്ങിയ ‘കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം…’ എന്ന് തുടങ്ങുന്ന ഗാനവും റെട്രോ വൈബുള്ള ഹിപ്പ് ഹോപ്പ് ‘മയ്യത്ത് റാപ്പും’, ലോക പ്രശസ്ത ഗായിക സെബ് ബംഗാഷ് പാടിയ രംഗ് ലിഖയും ഏവരും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.