ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സി നിയമന വിഷയത്തിലെ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കും.താൽക്കാലിക വി സി നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന വിധിയിലെ പരാമർശം ആണ് ഗവർണർ ചോദ്യം ചെയ്യുക. രണ്ടു സർവകലാശാലകളിലേക്കും വിസിമാരെ നിയമിക്കാനുള്ള പട്ടിക സർക്കാർ രാജ്ഭവന് കൈമാറി. ഇത് ഗവർണർ പരിഗണിക്കാൻ ഇടയില്ല. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ആ വിധി അംഗീകരിക്കാൻ കൂട്ടാക്കാതെയാണ് രാജ്ഭവൻ അപ്പീൽ നൽകാനുള്ള തീരുമാനത്തിലേക്ക് കടക്കുന്നത്. നിയമ വിദഗ്ദരുമായുള്ള പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

