ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി.ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്.സ്ഥിരം വി സി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടു പേർ ചാൻസിലറുടെ നോമിനി, രണ്ടു പേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ സമിതി രൂപീകരിക്കണം. ഒരു മാസത്തിനുള്ളിൽ നടപടികളിൽ പുരോഗതി അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കണം എന്നാണ് കോടതി നിര്‍ദേശം. യു ജി സി നോമിനി സെർച്ച് കമ്മറ്റിയുടെ പട്ടികയിൽ ഉണ്ടാകില്ല.രണ്ടുപേർ ചാൻസിലർ നോമിനിയും രണ്ടുപേർ സർക്കാർ നോമിനിയു പിന്നെ ചെയർപേഴ്സണും അടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിക്കുക. റിപ്പോർട്ട് കമ്മറ്റി മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. ഇതിനുശേഷം പട്ടിക മുഖ്യമന്ത്രിയുടെ ശുപാർശയോടെ ചാൻസിലർ ആയ ഗവർണർക്ക് കൈമാറണം.പശ്ചിമബംഗാൾ കേസിലെ വിധി സുപ്രീംകോടതി ഇക്കാര്യത്തിലും ബാധകമാക്കുകയാണ്.കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസൽ സി കെ ശശി എന്നിവർ ഹാജരായി.ഗവർണർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി ശ്രീകുമാർ, സ്റ്റാൻഡിങ് കൗൺസൽ വെങ്കിട സുബ്രഹ്മണ്യ എന്നിവർ ഹാജരായി.

