നീല ട്രോളി ബാഗില്‍ പണമെത്തിച്ചു എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പാലക്കാട്ടെ പാതിരാ നാടകം കഴിഞ്ഞുള്ള പുതിയ കഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ ആരോപണങ്ങള്‍ കൊടകരയിലെ പുതിയ വെളിപ്പെടുത്തലിന്റെ ജാള്യത മറയ്ക്കാനാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വി വി രാജേഷും എ എ റഹീമും രഹസ്യം പറഞ്ഞുപോകുന്ന ദൃശ്യമുണ്ട് തന്റെ കൈയിലെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു. സിപിഐഎമ്മിന്റെ ഈ പുതിയ ആരോപണം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആരോപണം പോലെയും തൃക്കാക്കരയിലെ വിഡിയോ പോലെയും പോകുമെന്നും നാടകം പൊളിഞ്ഞിട്ടും സിപിഐഎം നേതാക്കള്‍ ചെളിയില്‍ കിടന്ന് ഉരുളുകയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.ട്രോളി ബാഗിന്റെ വിഡിയോ കണ്ട് അതിനെക്കുറിച്ച് സംസാരിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു പാലക്കാട് എസ്പിയാണോ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ചോദിച്ചു. പൊലീസിന്റെ കൈയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ സുരേഷ് ബാബു കണ്ടത് എങ്ങനെയാണ്, പൊലീസ് റെയിഡിനെക്കുറിച്ച് കൈരളിയും ഡിവൈഎഫ്‌ഐയും അറിഞ്ഞത് എങ്ങനെയാണെന്നും ട്രോളി ബാഗില്‍ മുഴുവന്‍ പണമാണെന്ന് അറിയാന്‍ സിപിഐഎംകാര്‍ക്ക് ദിവ്യദൃഷ്ടി ഉണ്ടോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.തങ്ങളുടെ വനിതാ നേതാക്കളുടെ മുറിയില്‍ ഐഡി പോലുമില്ലാത്ത പൊലീസുകാരെ പാതിരാത്രി കയറ്റിയ മന്ത്രി ചെവിയില്‍ നുള്ളിക്കോയെന്ന് വി ഡി സതീശന്‍ വെല്ലുവിളിച്ചു. എന്തിനാണ് വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധിക്കുന്നതെന്നും സിപിഐഎം വനിതാ നേതാക്കളുടെ മുറിയിലാണോ സാധാരണ പണപ്പെട്ടി സൂക്ഷിക്കാറെന്നും വി ഡി സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിച്ച ഗൂഢാലോചനയ്ക്ക് പിന്നില്‍ മന്ത്രി എം ബി രാജേഷും അളിയനുമെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ഇതിന് മന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും വി ഡി സതീശന്‍ പറഞ്ഞു.