ബഡ്‌സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതുജനങ്ങളില്‍ നിന്നും അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും തിരികെ നല്‍കാതിരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലയിലെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് ബിസിനസ് കണ്‍സല്‍ട്ടന്റ് / സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിധി ലിമിറ്റഡ് ആന്‍ഡ് അല്ലീഡ് ഫേംസ് എന്ന സ്ഥാപനത്തിനും, ഉടമകള്‍ക്കും, ഇവരുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചവര്‍ക്കും എതിരെ ജില്ലാ മജിസ്‌ട്രേറ്റ് നടപടിയെടുത്തു. സ്ഥാപനത്തിന്റെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിനും ജപ്തി സ്ഥിരം ആക്കുന്നതിന് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനും ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
സ്ഥാപനത്തിന്റേയും, ഉടമകളുടെയും, ഇവരുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചവരുടേയും ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടു കെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവയുടെ മഹസ്സര്‍ തയ്യാറാക്കി ലൊക്കേഷന്‍ സ്‌കെച്ച്, തണ്ടപേപ്പര്‍ പകര്‍പ്പ് എന്നിവ ഉള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ സമര്‍പ്പിക്കും
സ്ഥാപനത്തിന്റേയും, ഉടമകളുടെയും, പ്രതികളുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചവരുടേയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ വില്‍പ്പന നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി.
പ്രതികളുടെ പേരില്‍ തൃശ്ശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും വില്പന നടത്തിയിട്ടുള്ളതുമായ എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജിയണല്‍ ട്രാസ്‌പോര്‍ട്ട് ഓഫീസര്‍ തയ്യാറാക്കി ജില്ലാ പോലീസ് മേധാവിക്ക് കൈമാറണം.
പ്രതികളുടെ പേരില്‍ ജില്ലയിലെ ബാങ്കുകള്‍/ട്രഷറികള്‍/ സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാ സ്ഥാപനമേധാവികളും സ്വീകരിക്കണം. ഇത് സംബന്ധിച്ച അറിയിപ്പ് തൃശൂര്‍ ലീഡ് ബാങ്ക് നല്‍കേണ്ടതാണ്.
ബഡ്‌സ് ആക്ട് 2019 സെക്ഷന്‍ 14 (1) പ്രകാരം താല്‍ക്കാലിക ജപ്തി സ്ഥിരപ്പെടുത്തുന്നത് നിയുക്ത കോടതി മുമ്പാകെ സമയബന്ധിതമായി ഹര്‍ജി ഫയല്‍ ചെയ്യേണ്ടതിനാല്‍ കണ്ടുകെട്ടല്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി കളക്ടറേറ്റില്‍ ലഭ്യമാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.