മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. 1968-ലെ സിവിൽ ഡിഫൻസ് ആക്ടിലെ സെക്ഷൻ 3 (1) (w) (0) പ്രകാരം സമൂഹ ബോധവൽക്കരണ പരിപാടി ഒഴികെയുള്ള പരിപാടികളിൽ സിവിൽ ഡിഫൻസ് എയർ റെയ്‌ഡ് സൈറണുകളുടെ ശബ്ദങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളും വിട്ടു നിൽക്കണമെന്ന് നിർദേശത്തിൽ പറയുന്നു. സൈറണുകളുടെ പതിവ് ഉപയോഗം വ്യോമാക്രമണ സൈറണുകളോടുള്ള സാധാരണക്കാരുടെ ഗൗരവം കുറയ്ക്കും. യഥാർത്ഥ വ്യോമാക്രമണങ്ങൾ ഉണ്ടായാലും മാധ്യമ ചാനലുകളിലെ പതിവ് സൈറണായി തെറ്റിദ്ധരിക്കും തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.