പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പട്ട് വിവാദങ്ങൾക്കിടെ കിറ്റ് വിതരണം നിർത്തിവെക്കാൻ കളക്ടർ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി. ഭക്ഷ്യവിഷബാധയടക്കം പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കളക്ടർ നിർദ്ദേശം നൽകി.യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ നിന്നും വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പട്ട് വിവാദങ്ങളും സമരങ്ങളും കൂടുതല്‍ ശക്തമാവുകയാണ്. അതിനിടെയാണ് പ്രധാനപ്പെട്ട ഒരു നടപടി കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിനിടെ, വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. ദുരന്തബാധിതർ താമസിക്കുന്ന കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്നാണ് പരാതി. മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റതായാണ് പരാതി. ഇതിൽ ഏഴ് വയസുള്ള കുട്ടിയെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല. കിറ്റിൽ നിന്ന് ലഭിച്ച സൊയാബീൻ കഴിച്ചിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നതെന്നും കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച കിറ്റ് വാങ്ങി, വ്യാഴാഴ്ചയാണ് ഭക്ഷണം ഉണ്ടാക്കിയതെന്നും അന്ന് വൈകിട്ട് മുതലാണ് പ്രശ്നങ്ങളുണ്ടായതെന്നും പരാതിക്കാരി പറയുന്നു.