കണ്ണൂർ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്ബ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്ബ്യാരെ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എൻ കെ സന്തോഷ് നേരത്തേ അറസ്‌റ്റിലായിരുന്നു. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് അറസ്റ്റിലായ മിനി നമ്ബ്യാർ. രാധാകൃഷ്ണന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയില്‍ മിനി നമ്ബ്യാർക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ദീർഘകാലമായി മിനി നമ്ബ്യാർ ഇയാളുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.
കൊലപാതകം നടന്ന മാർച്ച് 20ന് സന്തോഷും മിനി നമ്ബ്യാരും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണ് കൊലപാതക ഗൂഢാലോചനയില്‍ മിനി നമ്ബ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണൻ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണൻ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് ആദ്യമേ തന്നെ കണ്ടെത്തിയിരുന്നു.ഇവരും സന്തോഷും ചെറുപ്പം മുതലേ സൗഹൃദത്തിലായിരുന്നു.