കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി. പ്രകൃതിവിരുദ്ധ ബന്ധത്തിനിടെയുണ്ടായ കൊലപാതകമെന്നാണു പൊലീസ് നൽകുന്ന സൂചന. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ്സ് തോന്നിക്കും. പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി (61)യെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വന്നൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടത്. മുറിയിൽ നിന്ന് പുക വരുന്നത് കണ്ടാണ് നാട്ടുകാർ എത്തിയത്. പുറത്തു നിന്ന് പൂട്ടിയ മുറി തുറന്നപ്പോഴാണ് കത്തിയ നിലയിൽ കമഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടത്. ചുറ്റും തുണികളിട്ട് കത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.

